Saturday, August 14, 2021

കുരുതിയെ പലരും സമീപിക്കുന്നത് അതിലെ കഥാപാത്രങ്ങളുടെ പേരുകളിലൂടെയാണ്. അതിനെ കുറച്ച് കൂടെ വിശാലമായി സമീപിച്ചാല് സുമമാരും ഇബ്രൂമാരും അതിലെ ഓരോ കഥാപാത്രവും നമുക്ക് ചുറ്റിലും ഉണ്ട് എന്നു തിരിച്ചറിയാം  - ഹിന്ദുവിലും മുസ്ലിമിലും, ആണായും പെണ്ണായും എല്ലാം. നമ്മള് ഓരോരുത്തരും കൂടിയും കുറഞ്ഞും ഇതിലെ ഏതെങ്കിലും കഥാപാത്രം ആയിരിക്കാം. ഏറ്റവും കൂടുതല് ഇബ്രൂവും സുമയും ആയിരിക്കും നമ്മുടെ സമൂഹത്തില്. നമ്മുടെ ഒക്കെ സുഹ്രത്തുക്കള് ആയിട്ട് തന്നെ അവര് ഉണ്ട്.




വളരെ ആശയകുഴപ്പം ഉണ്ടാക്കുന്ന കഥാപാത്രം ആണ് സുമ. അങ്ങിനെ ഉള്ളവരെ ഒരുപാട് കണ്ടിട്ടുണ്ട്. അടുത്തറിയാം. അതിന് ഇന്ന മതം എന്നൊന്നും ഇല്ല.  വർഗീയത ഉണ്ടെങ്കിലും, 'നമ്മടെ ആളുകള്' എന്നു തോന്നുന്നവരെ തെറ്റ് ചെയ്താലും 'സംരക്ഷിക്കും', ന്യായീകരിക്കും.  പക്ഷേ മറ്റുള്ളവരെ ദ്രോഹിക്കില്ല, കൂടെയുള്ളവരെ (ഇതര മതത്തില് ഉള്ളവരെ) ചതിക്കില്ല. മറ്റുള്ളവരെ സഹായിക്കുകയും നല്ല സൌഹാര്‍ദ്ദം സൂക്ഷിക്കുകയും ചെയ്യും.  അത് സർവസാധാരണം ആയി കാണുന്നതല്ലേ? അത് ശരിയാണ് എന്നോ അത്തരം ആളുകള് ശരിയാണ് എന്നോ അല്ല. പക്ഷേ അത്തരം കഥാപാത്രങ്ങള് യാഥാർഥ്യമാണ്, ധാരാളം നമ്മുടെ ഇടയില് ഉണ്ടാകും എന്നതാണ് പോയിൻറ്. 

പിന്നെ ആ രണ്ടു പിള്ളേര്. തീർച്ചയായും നമ്മുടെ സമൂഹത്തില് ഉള്ളവര് തന്നെ. എന്തിനോ തിളയ്ക്കുന്ന സാമ്പാര്. അതിന്റെ പൊള്ളത്തരം മനസ്സിലാക്കാന് അത്തരക്കാർക്ക് കഴിയട്ടെ എന്നെ പറയാന് ഉള്ളൂ. അവര് ലായിക്കുമാരില് എത്താതിരിക്കാന് നോക്കുക എന്നതാണ് നമുക്ക് ചെയ്യാന് ഉള്ളത്. ചിലപ്പോള് നമ്മുടെ വിശ്വാസങ്ങള്, ബന്ധങ്ങള്, ചുറ്റുപാടുകള് ഇവരെ ന്യായീകരിക്കാന് കാരണമായേക്കാം, അത് നാം സൂക്ഷിക്കുക. തിരുത്താന് ശ്രമിക്കുക. അതിന് സരക്ഷണം കിട്ടില്ലെന്ന് അത്തരം കൂട്ടികള്ക്ക് ബോധ്യം ഉണ്ടാവണം. ആ ബോധ്യം നമ്മുടെ സമീപനങ്ങളില് നിന്നും, നിലപാടുകളിൽ നിന്നും അവർക്ക് ലഭിക്കണം.

കരീം (ഷൈൻ ടോം) ആണ് എറ്റവും വലിയ ഭീഷണി, അപകടകരം, ഭയാനകം. അവരെ തിരിച്ചറിയാന് കഴിഞ്ഞെന്ന് വരില്ല. ഇത്തരക്കാരും കാണും എല്ലാ വിഭാഗങ്ങൾക്കിടയിലും. ലായിക്കിനെ കുറിച്ച് പിന്നെ പ്രത്യേകിച്ച് പറയാനില്ലല്ലോ.

കഥാപാത്രങ്ങളുടെ മതത്തിലൂടെ മാത്രം കാണാതെ അവരുടെ സ്വഭാവം, അവരുടെ ചിന്താഗതിയും പ്രവരത്തിയും അവരുടെ മതത്തിന്റെ പരിഗണനായില്ലാതെ ആലോചിച്ച് നോക്കൂ. അല്ലാതെ ഈ പടവും കണ്ടു അത് എന്റെ മതത്തെ കുറിച്ചാണ്, അത് ഇവന്റ് മതത്തെ കുറിച്ചാണ്, നോക്കൂ അവന്റെ മതം കുഴപ്പം ആണ്, ഞങ്ങള് ആണ് ശരി എന്നൊക്കെ പറയുന്നവര് സ്വയം ആലോചിക്കുകക ഇതില് ഏത് കഥാപാത്രത്തെ ആണ് നിങ്ങള് അറിയാതെ പ്രതിനിധീകരിക്കുന്നത് എന്നു.